കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് ഗുരു പഠിപ്പിച്ചു: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് ശാന്തിഗിരിയിലൂടെ നവജ്യോതിശ്രീ കരുണാകര ഗുരു പഠിപ്പിച്ചു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. നല്ല കുടുബത്തിലൂടെയാണ് നാം സ്വപ്‌നം കാണേണ്ടത്, ആ സ്വപ്‌നമാണ് ലോകത്തിന് മാറ്റമുണ്ടാക്കാന്‍ കഴിയുന്നതെന്നും ഗുരു പഠിപ്പിച്ചു. ശാന്തിഗിരി ആശ്രമത്തില്‍  നടക്കുന്ന  19-ാമത് നവഒലിജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം അവകാശമാണെന്ന് പറയുക മാത്രമല്ല, ഗുരു എല്ലാവര്‍ക്കും മൂന്നു നേരം ഭക്ഷണം തയ്യാറാക്കി നല്‍കയും ചെയ്തു. ഗുരുവിന്റെ ഇത്തരം പ്രബോധനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഒരു തത്വശാസ്ത്രമുണ്ട്. ഞാനും നിങ്ങളും ഈ ഭൂമിയിലെ സര്‍വ ചരാചരങ്ങളും ഒന്നാണെന്ന തത്വ ശാസ്ത്രം. ഈ മഹാതത്വമാണ് ഇന്ന് ലോകം പഠിക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കുടുംബങ്ങളില്‍ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം ഊണ് മേശക്ക് ചുറ്റുമിരുന്നുള്ള കുടുംബാംങ്ങളുടെ തുറന്ന ചര്‍ച്ചയാണ്. ഇതിന്ന് നമ്മുടെ വീടുകളില്‍ നടക്കുന്നില്ല. അതിനുള്ള നേരം ആര്‍ക്കുമില്ല. എല്ലാവരും മൊബൈല്‍ ഫോണിനുള്ളിലാണ്, ഇതാണ് ഇന്ന് നമ്മുടെ നാടിനുണ്ടായിരുക്കുന്ന അപചയത്തിന് കാരണമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.
  രാവിലെ 11ന് നടന്ന ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും, മഹനീയ സാന്നിദ്ധ്യമായി.  ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പ്രൊ. എന്‍. രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ബി.ജെ.പി. ഡിപ്പാര്‍ട്ട്‌മെന്റ് & പ്രോജക്ട്‌സ് അദ്ധ്യക്ഷന്‍  അരവിന്ദ് മേനോന്‍ വിശിഷ്ടാതിഥിയായിരുന്നു. ശാന്തിഗിരി കാരുണ്യം സൗജന്യ ആരോഗ്യ സംരക്ഷണ പദ്ധതിപ്രകാരം നിര്‍ധന രോഗികള്‍ക്കുള്ള വീല്‍ചെയര്‍ മുന്‍ എം.എല്‍.എ. എം.എ.വാഹീദ് വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍. ചലച്ചിത്ര നടന്‍ കൊല്ലം തുളസി, പ്രൊ. ഡോ. കെ ഗോപിനാഥ പിള്ള,  ജി.കലാകുമാരി, വൈ.പി.ശോഭകുമാര്‍, എസ്.രാധാദേവി, ഇ.എ.സലീം, ആര്‍.അനില്‍കുമാര്‍, അഡ്വ.എ.എസ്. അനസ്, റ്റി.മണികണ്ഠന്‍ നായര്‍, ശരണ്യ എ.എസ്., കെ.ദേവകി, പോത്തന്‍കോട് ബാബു,  എന്നിവര്‍ സംബന്ധിച്ചു.   ശാന്തിഗിരി ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ആശ്രമം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ബി.ചന്ദ്രബാബു നന്ദിയും പറഞ്ഞു.
  ഇന്ന് ശാന്തിഗിരി നവഒലിജ്യോതിര്‍ദിനം സമ്മേളനം രാവിലെ 11ന്  രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി പ്രതിഭാ പുരസ്‌കാരം നടന്‍ ജയറാമിന് പി.ജെ.കുര്യന്‍  സമ്മാനിക്കും. ശാന്തിഗിരിയുടെ ഭവന നിര്‍മ്മാണ പദ്ധതിയായ വാസശ്രീയുടെ ഉദ്ഘാടനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, യാക്കോബ സിറിയന്‍ ചര്‍ച്ച് നെരണം മെത്രപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍കുറിലോസ്,   എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *