മലയാളിയുടെ നന്മമനസ് വീണ്ടെടുക്കണം
തപോവനചിന്തകള്‍(മംഗളം) 4.04.2018
മലയാളിയുടെ നന്മമനസ്സ് നഷ്ടപ്പെട്ടിരിക്കുന്നതായാണ് ബോധ്യമാകുന്നത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ നാട്ടില്‍ തുടര്‍ച്ചയായി നടന്ന ചിലസംഭവങ്ങളാണ് ഇത്തരത്തിലൊരു ചിന്തയിലേക്കും ബോധ്യത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ബസിനുള്ളില്‍ കയറി ഒരു യുവാവ് മര്‍ദ്ദിച്ചു. ഡ്രൈര്‍സീറ്റിലെ ഇടുങ്ങിയ ക്യാമ്പിനുള്ളില്‍ ചലിക്കാന്‍ പോലും ആകാതെ നിസഹായനായി ഇരിക്കേണ്ടിവന്ന ഡ്രൈവറെ അയാളുടെ മകന്റെ പ്രായം പോലുമില്ലാത്ത ഒരു പയ്യന്‍ തല്ലുന്ന ദൃശ്യം കണ്ടപ്പോല്‍ ദൈവമേ എന്നു വിളിച്ച് കണ്ണുപൊത്താന്‍ മാത്രമാണ് കഴിഞ്ഞത്. ഇതിന് ഒരു ദിവസം മുമ്പാണ് തിരുവനന്തപുരത്ത പാങ്ങോട്ട് മറ്റൊരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ വിവാഹനിശ്ചയത്തിന് പോയ ഒരു സംഘം ആള്‍ക്കാര്‍ ഇതുപോലെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച അവശനാക്കിയെന്ന വാര്‍ത്തവായിച്ചത്. സ്വന്തം വാഹനത്തിന് മുന്‍പേ കേറിപോകാന്‍ സൈഡ്് കൊടുത്തില്ലെന്നതാണ് രണ്ട് സംഭവങ്ങള്‍ക്കും പിന്നിലുള്ള കാരണം. ഓവര്‍ടേക്ക് ചെയ്തപ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ ചെറുതായിട്ടൊന്ന് ഉരസിയെന്നതും കാരണമായി കേള്‍ക്കുന്നു. ഡ്രൈവറെ ക്യാബിനില്‍കയറി തല്ലിയ സംഭവം നടന്ന ദിവസംതന്നെ ഇതാവരുന്നു മറ്റൊന്ന്. ആശുപത്രിയില്‍ കിടക്കയില്‍ നട്ടെല്ലു തകര്‍ന്നുകിടന്ന അവശാനായ വൃദ്ധന്റെ കൈവിരളുകള്‍ ആശുപത്രി അറ്റന്റര്‍ പിടിച്ചൊടിച്ചു.
വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ തല്ലാന്‍ കൈയോങ്ങി മുന്നിലെ ടിവിയില്‍ ഈ ദൃശ്യം കണ്ടപ്പോഴും മനസ്സ് പിടച്ചു. ഏകദേശം ഇതേദിവസം തന്നെയാണ് ഒരു വൃദ്ധയെ ബൈക്ക യാത്രികരായ യുവാക്കല്‍ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞതും. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന വൃദ്ധയെ ആരും ഗൗനിച്ചില്ല. 15മിനിട്ടിലധികം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മനസലിവ്‌തോന്നി ആശുപത്രിയിലെത്തിച്ചു. എന്ന വാര്‍ത്ത മനസ്സിനല്പം ആശ്വാസം പകര്‍ന്നപ്പോള്‍ അതിനെ പിഴുതെറിഞ്ഞുകൊണ്ട് മറ്റൊരു വാര്‍ത്തവന്നു. രണ്ട് കൗമാരക്കാര്‍ പിള്ളേര്‍ ബൈക്കപകടത്തില്‍പ്പെട്ട് മുറിവേറ്റ് കിടന്നിട്ടും നാട്ടുകാര്‍ കൂടി അവരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍നിന്നും ബന്ധുക്കള്‍ എത്തിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതത്രേ. വീട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നതുവരെ അവരെ തൊടരുതെന്ന് നാട്ടുകരില്‍ ചിലര്‍ ശാഠ്യം പിടിച്ചെന്നാണ് കേള്‍ക്കുന്നത്.
കുട്ടികള്‍ അമിതവേഗതയില്‍ ബൈക്കോടിച്ചെന്നതാണ് നാട്ടുകാരുടെ കുറ്റപത്രം. നമ്മുടെ പൊതുനിരത്തിലൂടെ അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിയന്ത്രിക്കപ്പെടേണ്ടതുതന്നെ. ശരിതെറ്റുകള്‍ പൂര്‍ണ്ണമായി തിരിച്ചറിയാന്‍ വേണ്ട പ്രായം എത്തിയിട്ടില്ലാത്ത കുട്ടികളെ ശാസിക്കുന്നതിനൊപ്പം അവരെ എടുത്ത് ആസ്വസിപ്പിക്കാനും ആശുപത്രിയില്‍ എത്തിക്കാനും മനസുതോന്നാത്ത തരത്തില്‍ നമ്മുടെ മനസാക്ഷി മരവിച്ചുപോയോ. മനസ്സിന്റെ പിടച്ചില്‍ ഒടുങ്ങുന്നതിനുമുമ്പ് മനസിനെ കലുഷമാക്കികൊണ്ട് വീണ്ടും വന്നു വാര്‍ത്ത. യാത്രക്കിടയില്‍ ബസില്‍ വച്ച് ഒരാള്‍ തളര്‍ന്നു വീണു. ബോധംകെട്ടുവീണ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടിട്ടും കണ്ടക്ടര്‍ തയ്യാറായില്ല. അവശനായി ബോധമില്ലാതെ കിടക്കുന്ന യാത്രക്കാരനെയും കൊണ്ട് ആറ് ആശുപത്രിക്കു മുന്നിലൂടെ ബസ് ഓടി. അവസാനം യാത്രക്കാര്‍ ബഹളം വച്ചതിനെതുടര്‍ന്ന് ശല്ല്യം ഒഴിയട്ടെ എന്നമട്ടില്‍ അരമണിക്കൂറിന് ശേഷം റോഡില്‍ ഇറക്കി. മുന്‍സ്‌റ്റോപ്പില്‍ ഇറങ്ങേണ്ട ഒരു യുവാവ് അവിടെയിറങ്ങാതെ ബോധം നഷ്ടപ്പെട്ടുകിടന്ന ആളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 മിനിട്ട് മന്‍പെത്തിച്ചിരുന്നെങ്കിലും മതിയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
പെറ്റമ്മയെപോലും തല്ലാനും കഴുത്തുഞെരിക്കാനും തയ്യാറാകുന്ന മക്കളുടെ എണ്ണം പെരുകുന്നു എന്ന് അഞ്ചാറു ദിവസം മുന്‍പ് വായിച്ചവാര്‍ത്ത എന്നെ വല്ലാതെ ഞെട്ടിച്ചു.
ശിശുക്ഷേമ സമിതി ആരംഭിച്ച തണല്‍ പദ്ധതിയിലെ ടോള്‍ഫ്രീ നമ്പരിലേക്ക് അമ്മമാര്‍ തന്നെയാണ് സ്വാനുഭങ്ങള്‍ വിളിച്ചറിയിക്കുന്നത്. വീട്ടിലെ മറ്റംഗങ്ങളോടുപോലും പറയാന്‍ കഴിയാത്ത നെഞ്ചുപൊട്ടുന്ന പൊള്ളുന്ന അനുഭവങ്ങളാണ്് അമ്മമാര്‍ കൗണ്‍സിലര്‍ന്മാരോട് ഫോണണ്ടിലൂടെ പറയുന്നത്. ഒരു ദിവസം ഇത്തരത്തിലുള്ള 60 കാളുകള്‍ വരുന്നുണ്ടെന്നാണ് വാര്‍ത്ത.
നമ്മുടെ സമൂഹത്തിന് എന്തുപറ്റി ? എന്താണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ‘പ്രബുദ്ധ കേരള’ ത്തിലെ ജനകോടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ എത്രമാത്രം ഹൃദയഭേദകമാണെന്ന് നിങ്ങള്‍ ഓര്‍ത്തു നോക്കൂ. അതെ, കേരളം അപ്പാടെ ഒരു ക്രിമിനല്‍ സ്വഭാവമുള്ള സമൂഹമായി മാറിക്കഴിഞ്ഞു. സമസ്ത മേഖലകളിലും മൂല്യച്യുതി സംഭവിച്ചത് കൊണ്ടാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കേരളീയ സമൂഹം കൂപ്പുകുത്തിയതെന്നു വേണമോ കരുതാന്‍.
മലയാളികളുടെ കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെ നിന്നാണ് ഇനി നാം കണ്ടെടുക്കേണ്ടത്? അട്ടപാടിയിലെ മുക്കാലിയില്‍ മധുവിനെ തല്ലികൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അന്ന് നാമെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത് കേരളംപോലൊരു സമൂഹത്തില്‍ ഇത്തരത്തിലൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു, ഇനി ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ്. ഇവിടെ കേരളം പോലൊരു സമൂഹം എന്ന വാക്കില്‍ അടിവരയിട്ടാണ് നമ്മള്‍ പ്രയോഗിച്ചത്. എന്താണ് ഇങ്ങനെ പ്രയോഗിക്കാന്‍ കാരണം. കേരളസമൂഹത്തിന് മറ്റു സമൂഹത്തെക്കാള്‍ എന്തക്കയോ പ്രത്യേകതയുണ്ട് എന്നാണ് ഇതില്‍ പറഞ്ഞുവയ്ക്കുന്നത്. ബീഹാറിലും യു.പിയിലും ജാര്‍ക്കണ്ടിലും അതുപോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഇപ്പോഴും നടക്കുന്നതായി അറിഞ്ഞിട്ടുണ്ട്. അപ്പോള്‍, അവിടെ അങ്ങനെയൊക്കെ നടക്കും അതിലതിശയിക്കാനില്ല എന്ന മനോഭാവമായിരുന്നു നമുക്ക്. അവടെയുള്ളവര്‍ക്ക് വിദ്യാഭ്യാസം കുറവായതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന കാരണം നമ്മള്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ നമുക്ക് മുന്നില്‍ നമ്മുടെസമൂഹത്തില്‍ ഇത്തരം നീചകൃത്യങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോഴും കേരളത്തിലെവിടെയെങ്കിലും ഇത്തരം സംഭവം നടക്കുന്നുണ്ടാവാം. ഇത്തരം സംഭവങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്തയായി മാത്രം വായിച്ചു മറന്നാല്‍പോര, അതു ആവര്‍ത്തിക്കാതിരിക്കാനും നീചപ്രവര്‍ത്തിചെയ്യുന്നവരെ കണ്ടെത്താനും ഉചിതമായ ശിക്ഷകൊടുക്കാനും സൂഹത്തിലെ നമ്മളോരോരുത്തരും ഭരണകൂടത്തെ സഹായിക്കുകയും വേണം. ഒപ്പം ഭരണകൂടം ആര്‍ജ്ജവമുള്ളതും പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനായി നിഷിപ്തമായ അധികാരങ്ങള്‍ നിഷ്പക്ഷമായി പ്രയോഗിക്കാന്‍ ആര്‍ജ്ജവമുള്ളതുമായിരിക്കണം.
മനുഷ്യന്‍ മൃഗത്തില്‍നിന്ന് വ്യത്യസ്തനാവുന്ന മൂലഘടകം മാനവികബോധമാണെന്നാണ് വിശ്വാസം. മതവും രാഷ്ട്രീയവും വിദ്യാഭ്യാസവും സദാചാരസമ്പ്രദായങ്ങളും വഴി സമൂഹം ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചുവന്നത് ഈ മാനവിക ബോധത്തിന്റെ പരിരക്ഷയാണ്. സാങ്കേതിക വളര്‍ച്ചയോടൊപ്പം ഉണ്ടാകേണ്ട മാനവികത ഇല്ലാത്തതാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രതിസന്ധി.
കേരളം ഇന്ത്യക്ക് മുന്‍പേനടന്നിരുന്ന ഒരുകാലഘട്ടം ഉണ്ടായിരുന്നു. തങ്ങള്‍ക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അത് ഏത് ദേശത്തായാലും അത് തങ്ങളെ കൂടി ബാധിക്കുന്നന്നതാണ് എന്ന വിശ്വപൗരബോധം, രാഷ്ട്രീയ സാമൂഹിക കെട്ടുറപ്പിലും സമത്വത്തിലുമുള്ള വിശ്വാസം; ഇവ നമ്മുടെ നാട്ടില്‍ ആഴത്തില്‍ തന്നെ വേരോടിയിരുന്നു. നമ്മുടെ കലാലയങ്ങള്‍ സമൂഹസ്പന്ദനങ്ങളുടെ, ചിന്താധാരകളുടെ, വിശ്വപൗരബോധത്തിന്റെ ശ്രേഷ്ഠ പരിച്ഛേദങ്ങളായിരുന്നു.
ബാര്‍ബര്‍ ഷോപ്പുകളിലും, ചായക്കടകളിലും, കലുങ്കുകളിലുമൊക്കെയിരുന്ന് ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഏതാണ്ട് ഇരുപതുകൊല്ലം മുമ്പ് വരെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ഗ്രാമീണ വായനശാലകളിലും, ബസ് സ്റ്റോപ്പുകളിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയങ്ങളില്‍ കേരള രാഷ്ട്രീയം മുതല്‍ കിഴക്കന്‍ യൂറോപ്പിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ ഉള്‍പ്പെട്ടിരുന്നു. ബ്രഷ്നേവും, പോള്‍പോട്ടും, ബൊലീവിയന്‍ വിപ്ലവവും, കാര്‍ത്തേജും, നക്സല്‍ബാരിയും, സുവര്‍ണ്ണക്ഷേത്രവും, നെല്‍സന്‍ മണ്ഡേലയുമെല്ലാം ഈ ചൂടന്‍ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിരുന്നു. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളോ, ഇന്റര്‍നെറ്റോ സോഷ്യല്‍ മീഡിയയോ എന്തിന് ടിവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു നമ്മുടെ നാട്ടില്‍ ഈ അനിതരസാധാരണമായ രാഷ്ട്രീയ ബോധം നിലനിന്നിരുന്നത്. അത്രക്ക് രാഷ്ട്രീയ പ്രബുദ്ധമായിരുന്നു നമ്മുടെ സമൂഹം.
മനുഷ്യജീവനു പുല്ലുവിലപോലും കല്‍പ്പിക്കാത്ത കാലമാണിത്. ക്രൂരതയില്‍ ആനന്ദിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഒരു ‘ത്രില്ലിനു’ വേണ്ടി അല്ലെങ്കില്‍ പണത്തിനുവേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന കുറ്റവാളികള്‍ നമുക്കിടയില്‍ ഉണ്ടായിരിക്കുന്നു. കിളിമാനൂരിനടുത്ത് മുന്‍ റേഡിയോജോക്കിയുവാവിനെ അയാളുടെ തൊഴിലിടത്തുവച്ച് വെട്ടികൊന്നത് വര്‍ത്തമാനകാലസംഭവമാണ്. കൊല്ലപെട്ടവനെ മുമ്പ് കണ്ടിട്ട് പോലുമില്ലാത്തവരാണ് കൊലപാതകികള്‍. അപ്പോള്‍ പണത്തിനുവേണ്ടിയാണ് ഒരുസംഘംയുവാക്കള്‍ കൊലപാതകികളായത്. അക്രമവും ക്രൂരതയും കുത്തിനിറച്ച സിനിമകള്‍ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങള്‍, അത്തരം സിനിമകള്‍ നിര്‍മിച്ച് പണംവാരാന്‍ സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു. വിനോദങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും നിഷ്ഠുര കൃത്യങ്ങള്‍ നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലരുടെയും മനസ്സാക്ഷി മരവിച്ചുപോകുന്നു എന്നു മാത്രമല്ല, ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നതരത്തിലേക്ക് മനസ് രൂപാന്തരപ്പെടുകയും ചെയ്യുന്നു.
മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന ഘടകം കുടുംബമാണ്. ഇന്ന് സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെയും മൂല്യനഷ്ടങ്ങളുടെയും വേരുകള്‍ തേടിയാല്‍ നാം ചെന്നെത്തുക തകര്‍ന്ന കുടുംബങ്ങളുടെ പിന്നാമ്പുറങ്ങളിലാണ്. മാതാപിതാക്കളെയും രക്തബന്ധങ്ങളെയും അരുംകൊല ചെയ്യാന്‍ പോലും മടിക്കാത്ത, ഭയാനകമായ സ്ഥിതിവിശേഷമാണ് കാണുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ പഴങ്കഥകളായി. മുതിര്‍ന്ന കുടുംബാംഗങ്ങളുടെ താങ്ങും തണലും അനുഭവസമ്പത്തും മതാത്മക മൂല്യങ്ങളും തലമുറകളിലേക്ക് കൈമാറിക്കിട്ടുന്ന ജീവിതപാഠങ്ങളും കുട്ടികളുടെ വളര്‍ച്ചയില്‍ അതിനിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന കാലം കടന്നുപോയി. ഏത് സമൂഹത്തിന്റെയും അതുവഴി വിവിധ സമൂഹങ്ങളുടെ ആകെത്തുകയായ രാഷ്ട്രത്തിന്റെയും വളര്‍ച്ചയുടെ ഗുണവും ആഴവും വ്യാപ്തിയും നിര്‍ണയിക്കുക. കുടുംബമെന്ന നഴ്സറിയില്‍ നിന്നാണ് വ്യക്തി, സാമൂഹികവും സാംസ്‌കാരികവും മതപരവുമായ ജീവിതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കുക. അവിടെ കാലിടറിയാല്‍, തകരുന്നത് ആ വ്യക്തി മാത്രമല്ല, ആ വ്യക്തിയോടു ബന്ധപ്പെട്ട നിരവധി ജീവിതങ്ങളും ഒടുവില്‍ സമൂഹം തന്നെയുമാണ്. കുടുംബമെന്ന നഴ്‌സറിയില്‍ ഇന്ന് സ്‌നേഹമെന്ന ജീവജലവും ബഹുമാനമെന്ന വളവും അനുസരണയെന്ന ശിശ്രൂഷയും ലഭിക്കാത്തതിനാല്‍ വ്യക്തിത്വമെന്ന ചെടി മരടിച്ചുപോകുന്നു.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലകളിലും അനിവാര്യമാണ് . പ്രത്യേകിച്ചും കേരളത്തില്‍. പക്ഷെ നമ്മള്‍ ഓരോ കാര്യങ്ങള്‍ നേടുമ്പോഴും അവ നേടാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന പാത എത്രമാത്രം സത്യസന്ധവും നീതിനിഷ്ടവും അണെന്നു നമ്മള്‍ ശ്രദ്ധിക്കെണ്ടതുണ്ട് .’ലക്ഷ്യമാണ് പ്രധാനം മാര്‍ഗ്ഗം ഏതുമാകാം’ എന്നു പറയുമ്പോഴും നാളത്തെ തലമുറ കണ്ടു വളരുന്നത് ഈ മാര്‍ഗ്ഗവും കൂടിയാണ് .നാളെ അവന്‍ ഒരു ലക്ഷ്യം മുന്നില്‍ കാണുമ്പോള്‍ അവന്‍ അതില്‍ എത്തി ചേരാന്‍ മുന്‍ഗാമികളുടെ പാതയാണ് ഉദാഹരണം ആയി എടുക്കുന്നത്. ഇവിടെ നമുക്ക് ചൂണ്ടികാണിക്കാന്‍ ഒരു ഗുണമേന്മയുള്ള തലമുറ അത്യന്താപേക്ഷിതമാണ്.
തെറ്റുകളും കുറ്റങ്ങളും ചെയ്യുക എന്നത് മനുഷ്യസഹജമാണ് . പക്ഷെ ചെയ്തു പോയ തെറ്റില്‍ കുറ്റബോധം തോന്നുക എന്നത് അവന്‍ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നത് കൊണ്ടാണു.പക്ഷെ ഇന്നു സംഭവിക്കുന്നത് എന്താണ് ? ചെയ്ത തെറ്റുകള്‍ തെറ്റാണെന്ന തോന്നല്‍ പോലുമില്ല. അതു തെറ്റാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നതാണ് അതിശയം.അവന്റെ മുന്നിലുള്ള തലമുറ അതുചെയ്യുമ്പോള്‍ അന്‍ ചെയ്യുന്നതെങ്ങനെ തെറ്റെന്നവന്‍ മനസിലാക്കും. നല്ലത് കേള്‍ക്കുക്കയും കാണുകയും ചെയ്യേണ്ട പ്രായത്തില്‍ അവ കേട്ടില്ലെങ്കില്‍ പകരം തെറ്റുകളുടെ ഒരു കൂമ്പാരമാണ് മനസ്സില്‍ കയറുന്നതെങ്കില്‍ അവിടെ നന്മ തിന്മകള്‍ മനസ്സില്ലക്കാനുള്ള ശേഷി നഷ്ട്ടപെടുകയാണ്.അതായതു അവന്‍ ചെയുന്നത് അവന്റെ മനസാക്ഷിക്ക് ഒരു കുറ്റമായി തോന്നുകയില്ല.
നമ്മുടെ ഇളംതലമുറയില്‍ ശരിതൊറ്റുകള്‍ തിരിച്ചറിയാനുള്ള ബോധനിലവാരം താഴ്ത്തുന്നതാണ് പ്രധാന കാരണം. ബോധം നല്‍കുന്നത് വിദ്യാഭ്യാസമാണ്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കേറ്റ് അച്ചടിച്ച് നല്‍കുന്ന വെറും കച്ചവടമാണ്. മലയാള അക്ഷരം അറിയാത്തവര്‍ മലയാളം ഗവേഷണവിദ്യാര്‍ഥികളില്‍ ഉണ്ടെന്ന് ഈ അടുത്ത കാലത്ത് വിളിച്ചുപറഞ്ഞത് മലയാളഭാഷയിലെ ഒരു പ്രമുഖ കവിയാണ്. അത്രക്ക നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴ്ന്നിരിക്കുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ മൂല്യച്യുതി വ്യക്തിവികാസത്തെ സാരമായി തന്നെ ബാധിച്ചു. ഇത് കുടുംബത്തിലെ പരസ്പര ധരണയും ബന്ധവും കെട്ടുറപ്പില്ലാത്തതാക്കി.
മാത്രമല്ല മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. മാതാപിതാക്കളുടെ ‘സ്റ്റാറ്റസ്’ നിലനിര്‍ത്താനുള്ള ഉപാധികളായി പലരും കുട്ടികളെ കരുതുന്നു. അവരുടെ പ്രതീക്ഷക്കൊത്ത് കുട്ടികള്‍ ആകുന്നില്ലെങ്കില്‍ കടുത്ത ശിക്ഷയും മാനസിക പീഡനവും. സമ്മര്‍ദങ്ങള്‍ നിരവധി. ഇതിനെ അതിജീവിക്കാന്‍ മുതിര്‍ന്നുകഴിഞ്ഞാലും അവര്‍ക്കാവുന്നില്ല.
വിശ്വാസങ്ങളും , ദൈവാരധനയും കുറയുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഏതു മതവിശ്വാസി ആയാലും അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ജീവിക്കുകവഴി ദിശാബോധത്തോടെയുള്ള സദാചാരബോധവും ആത്മീയ ഉണര്‍വ്വും ലഭിക്കും. യാതൊരു വ്യവസ്ഥയും കൂടാതെ നമ്മെ സൃഷ്ടിച്ച ദൈവത്തോടു നമുക്കോരോരുത്തര്‍ക്കും കടപ്പാടുണ്ട്. ജീവിതത്തിന്റെ സനാതന ധര്‍മ്മവും മൂല്യവും നമ്മുടെ കുട്ടികള്‍ വീടിന്റെ അടുക്കളയിലും, പ്രാര്‍ഥന മുറിയില്‍ നിന്നും പഠിച്ചു തുടങ്ങട്ടെ പ്രതിസന്ധികളെക്കുറിച്ച് ബോധവാന്മാര്‍ ആകുകയും അതിജീവിക്കാന്‍ കരുത്തു നേടുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായം അവര്‍ക്ക് നല്‍കുക. സമൂഹത്തിനു മൊത്തത്തില്‍ ഉണ്ടായ മൂല്യച്യുതി മാറ്റി എടുക്കാന്‍ സമൂഹം കൂട്ടായി ശ്രമിച്ചേ മതിയാവു.
‘അവനവന്റെ മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുക ‘. അതാണ് പറയാനുള്ളത്.
സമൂഹത്തില്‍ നിന്നും മനസാക്ഷി, ധാര്‍മ്മികത, സഹവര്‍ത്തിത്വം, സഹജീവിബഹുമാനം, മുതിര്‍ന്നവരോടും ഗുരുക്കളോടും രക്ഷാകര്‍ത്താക്കളോടുമുള്ള ബഹുമാനം എന്നതെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ കുട്ടികളുടെ ബോധതലത്തില്‍ സ്പര്‍ശിക്കണം. മാത്രമല്ല സമൂഹത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കേണ്ടതാണെന്ന ബോധവും ഉണ്ടാകണം. പൊതുനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രാഷ്ട്രീയ- മതനേതാക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കാതിരിക്കുകയും വേണം. ഇത്തരത്തില്‍ ഭരണകൂടവും രാഷ്ടീയ നേതൃത്വവും മതനേതാക്കളും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തകര്‍ന്നുകൊണ്ടിരിക്കുന്ന കേരള സമൂഹത്തെ പിടിച്ചുയര്‍ത്താനാവൂ. അങ്ങനെ നമുക്ക് കളഞ്ഞുപോയ നന്മ മനസ്സിനെ തിരിച്ചെടുക്കാം.
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
(ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം)