Swami Gururethnam Jnana Thapaswi | Programmes
മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നവജ്യോതിശ്രീ കരുണാകരഗുരുവിനാല്‍ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളതല പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മഹനീയ വ്യക്തിത്വമാണ്. ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, സാംസ്കാരിക നായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സ്വാമി, രാജ്യത്തുടനീളം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മതേതര ആത്മീയത യുടെ പ്രചരണത്തിനും നേതൃത്വം നല്കിവരുന്നു.
ഏഷ്യനെറ്റ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 6.45 ന് സംപ്രേഷണം ചെയ്തുവരുന്ന സ്നേഹത്തിന്റെ പാഥേയം എന്ന പ്രോഗ്രാമിലൂടെ സ്വാമി ജീവിത യാത്രയില്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ പ്രശ്നങ്ങള്‍ മുതല്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ വന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വരെ ധാര്‍മ്മികതയിലൂന്നി നില്‍ക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെറു ഉപമകളിലൂടെയും കഥകളിലൂടെയും പറഞ്ഞുതരുന്നു. സ്വാനുഭവവും മഹാന്മാരുടേയും ഇന്നത്തെ സമൂഹത്തിലെ അനുകരണീയരായ വിശിഷ്ടവ്യക്തിത്വങ്ങളേയും ഇതിലൂടെ നമുക്ക് മറക്കാനാകാത്ത അനുഭവമാക്കുകയാണ് സ്വാമി.
എഫ്.എ.സി.റ്റി.യിലെ ഉദ്യോഗസ്ഥനായിരുന്ന ദിവംഗതനായ എം.കെ. മണിയന്‍ നായരുടെയും ശ്രീമതി ജെ. ശാന്തമ്മയുടെയും മൂന്നുമക്കളില്‍ ഇളയവനായി 1974 മെയ് 25 ന് ചേര്‍ത്തലയില്‍ ജനിച്ച സ്വാമി, ആലുവ ഉദ്യോഗമണ്ഡലിലെ ഫാക്ട് സ്കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ശാന്തിഗിരി ആശ്രമത്തില്‍ എത്തി. 2001 ഫെബ്രുവരി 24ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്ന പേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചശേഷം ആശ്രമപ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഇന്ന് ആഗോളതലത്തില്‍ തന്നെ ഭാരതത്തിന്റെ സനാതനധര്‍മ്മം പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന കേരളത്തിന്റെ മതേതരമുഖമായ സ്വാമി ജാതിമതചിന്തകള്‍ക്കതീതമായി സമൂഹത്തെ മാനവികതയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു. ഇതര മതസമൂഹങ്ങളിലെ നേതാക്കളുമായുള്ള സ്വാമിയുടെ ആത്മബന്ധം പ്രശംസനീയമാണ്. 2012ല്‍ വത്തിക്കാനില്‍ നടന്ന മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തത് രാജ്യാന്തരതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടുകയുണ്ടായി.
പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വിവിധ വിഷയങ്ങളെ ക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്ന സ്വാമി സോഷ്യല്‍ മീഡിയകളിലും സജീവമാണ്. നേരിന്റെ ബാല്യം, തെരഞ്ഞെടുത്ത ലേഖനങ്ങള്‍, പുതിയ മനുഷ്യനാകാന്‍ എന്നീ പുസ്തകങ്ങളും ഗുരുവിന്റെ ജീവചരിത്ര സംഗ്രഹവും രചിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം ആറു മാസങ്ങള്‍ കൊണ്ട് അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിച്ച് റിക്കോര്‍ഡ് സൃഷ്ടിക്കുകയുണ്ടായി.
ശാന്തിഗിരി ആശ്രമത്തെ ഒരു അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തുന്നതില്‍ സ്വാമി വഹിക്കുന്ന നിസ്തുലമാണ്. സാംസ്കാരിക സാമൂഹ്യരംഗങ്ങളില്‍ സജീവമായി ഇടപെടുന്ന സ്വാമി ഒ.വി. വിജയന്‍ ഫൌണ്ടേഷന്‍, ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഫൌണ്ടേഷന്‍, വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദി, പി. കുഞ്ഞിരാമന്‍നായര്‍ ഫൌണ്ടേഷന്‍, ജി. ദേവരാജന്‍ മാസ്റ്റര്‍ ഫൌണ്ടേഷന്‍, പ്രേംനസീര്‍ ഫൌണ്ടേഷന്‍, സ്വസ്തി ഫൌണ്ടേഷന്‍, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ്, യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയവയുടെ രക്ഷാധികാരിയാണ്, കൂടാതെ ഗവണ്‍മെന്റിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ പദ്ധതികളിലും സഹകരിക്കുന്നു.
യു.എസ്.എ, യു.കെ., ചൈന, റഷ്യ, ബ്രസീല്‍, ജര്‍മനി, ഇറ്റലി, യു.എ.ഇ, ബഹറിന്‍, ഖത്തര്‍, കുവൈറ്റ്, സംഗപ്പൂര്‍, മലേഷ്യ, ഹോങ്കോംഗ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സാമൂഹിക മതേതര ആത്മീയ മേഖലകള്‍ക്ക് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.